Sabna Farsana
പരിധിക്കപ്പുറത്ത് നിന്ന് പരിധിയിലേക്ക്
എന്‍റെ ജീവിതം എന്‍റെ നിയന്ത്രണത്തിലാണോ? എന്‍റെ കണക്കു കൂട്ടലുകൾക്കനുസരിച് എന്‍റെ ജീവിതം മുന്നോട്ട് പോകുമോ ? അതെ, നിങ്ങളുടെ ജീവിതം നിങ്ങളുടെ കരങ്ങളിൽ തന്നെയാണ്. ഒരു പക്ഷേ നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള റിസൽട്ട് ജീവിതം നിങ്ങൾക്ക് നൽകുന്നില്ലെങ്കിൽ നിങ്ങളുടെ ആസൂത്രണത്തിൽ ഒന്ന് മാറ്റം വരുത്തി നോക്കൂ. നമ്മിലോരോരുത്തർക്കും ഒരു പാട് സ്വപ്നങ്ങളും, നല്ല ഭാവിയെക്കുറിച്ചുള്ള ഒത്തിരി ആഗ്രഹങ്ങളുമുണ്ടാവും. എന്നാൽ കാലക്രമേണ ആ സ്വപ്ന സാക്ഷാത്കാര വഴികളിൽ ഒരു പാട് തടസ്സങ്ങൾ വന്നു ചേരുന്നു. അത്തരം തടസ്സങ്ങളിൽ മിക്കതും നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറമുള്ളതായിരിക്കും. എന്നാൽ ചിലതാവട്ടെ, നാം കൈ കൊണ്ട തീരുമാനത്തെ ആസ്പദമാക്കിയുള്ളതുമായിരിക്കും. ജീവിതത്തിൽ അത്തരം പ്രതിബന്ധങ്ങൾ വന്നെത്തുമ്പോൾ, അവ നമ്മുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിൽ നിന്നും നമ്മെ തടയുന്ന ഒന്നായി നാം ചിന്തിക്കുന്നു. എന്നാൽ ഇത്തരം തടസ്സങ്ങളെ തരണം ചെയ്യുന്നതിലൂടെ നാം നേടിയെടുക്കുന്ന ഉൾക്കാഴ്ചയാണ് നമ്മുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ആദ്യ പടി എന്ന് തിരിച്ചറിയുന്ന കാര്യത്തിൽ നാം പരാചയപ്പെട്ടിരിക്കുന്നു. നിങ്ങൾ സ്വന്തം ജീവിതം ആസൂത്രണം ചെയ്തു കഴിഞ്ഞാൽ പിന്നെ, നിന്‍റെ മുമ്പിൽ യാതൊരു തടസ്സവുമുണ്ടാകില്ലെന്നും നിന്‍റെ വഴി വളരെ സുഗമമായിരിക്കുമെന്നും എവിടെയും പറയുന്നില്ല.
ഒരു തടസ്സം അതേ സ്ഥാനത്ത് തന്നെ സംഭവിക്കാൻ
എപ്പോഴും ഒരു കാരണം കാണും. അപ്രകാരം തന്നെ നിങ്ങളുടെ മുന്നോട്ടുള്ള ഗമനത്തിന് അനിവാര്യമാണെന്ന് നിങ്ങൾ ചിന്തിച്ചിരുന്ന ഘടകങ്ങൾ ആ സമയത്ത് ലഭ്യമാകാതിരിക്കാനും ചില കാരണങ്ങൾ ഉണ്ടാകും. സവിശേഷമായൊരു സ്വഭാവത്തിനുടമയായ ഒരാൾ നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം പിടിക്കാനും പ്രത്യേക കാരണമുണ്ടാവും. എന്നാൽ കാരണങ്ങളെല്ലാം കാലോചിതമായി അനാവരണം ചെയ്യപ്പെടും. അവയെ ദൈവം അയച്ച വിലക്കുകളായി ഒരിക്കലും വിലയിരുത്തരുത്. നിങ്ങൾക്ക് മറികടക്കാൻ സാധിക്കുന്ന പ്രതിസന്ധികളേ നിങ്ങളുടെ വഴികളിൽ ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ നിയന്ത്രണങ്ങളിൽ ഒതുങ്ങാത്ത വല്ലതും ജീവിതത്തിൽ സംഭവിക്കുമ്പോഴേക്കും നിങ്ങളുടെ ജീവിതം തകർന്നു പോയി എന്ന് ഒരിക്കലും വിലയിരുത്തരുത്. അതിനു ചുറ്റും വേറെയും വഴിയുണ്ടെന്ന് വിശ്വസിച്ചു അവ തേടിക്കൊള്ളുക. ജീവിതത്തിൽ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങൾ സംഭവിച്ചതിനു ശേഷമുള്ള നിമിഷങ്ങൾ, സ്വതന്ത്രമായൊരു തീരുമാനം കൈ കൊള്ളാനായി നിങ്ങളുടെ കൈകളിലാണെന്ന തിരിച്ചറിവിലാണ് എല്ലാ മാറ്റങ്ങളും നില കൊള്ളുന്നത്. തുടക്കത്തിൽ ഇത് അസാധ്യമായി തോന്നിയേക്കാം. അവിടെയിരുന്ന് തല പുകയുന്നതിന് പകരം ചുറ്റുമുള്ള വഴികളിലേക്ക് നോക്കുക. നിങ്ങളുടെ ആസൂത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം, എങ്കിലും നിങ്ങളുടെ സ്വപ്നങ്ങളെ അപ്പാടെ വെട്ടിമാറ്റരുത്.
ഈ പ്രതിബന്ധങ്ങൾ തന്നെയായിരിക്കും നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ദൗത്യങ്ങളുമൊക്കെ ആ വിഷ്ക്കരിക്കുന്നതും. അവ നിങ്ങളിൽ അന്തർലീനമായ ശക്തികളെ പുറത്ത് കൊണ്ട് വന്ന് ജീവിത ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുകയും ചെയ്യുന്നു. ആ ഒരു ഉൾക്കാഴ്ചയുടെ ബലത്തിൽ തീരുമാനങ്ങൾ എടുക്കാം.

നിങ്ങളുടെ ജീവിതം സ്വന്തം കരവലയത്തിൽ നിന്നും തെന്നിമാറുന്നുവെന്ന് സ്വയം തോന്നുന്നതിന് മുമ്പേ ജീവിതം തിരികേ ട്രാക്കിലേക്ക് കൊണ്ടു പോകാൻ അവസരമൊരുക്കുക. നിങ്ങൾക്ക് മറ്റുള്ളവരോട് അഭിപ്രായം ആരായുന്നതിന് മുമ്പ്, എന്താണ് താൻ ലക്ഷ്യമാക്കുന്നത് എന്ന് സ്വന്തത്തോട് തന്നെ ചോദിക്കുക. അത്തരം തീരുമാനമെടുക്കുന്നതിൽ ഒരു പക്ഷേ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടായേക്കാം. കാരണം നിങ്ങളാണ് തീരുമാനമെടുക്കുന്നത്, അതിനാൽ അതിന്‍റെ ഉത്തരവാദിത്തവും നമ്മളിൽ തന്നെയായിരിക്കുമല്ലോ. സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കാൻ നമ്മൾ പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുകയും, ശേഷം നാം പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കുമ്പോൾ അതിന്‍റെ കുറ്റം അവരിൽ ചുമത്തുകയും ചെയ്യുന്നത് നമ്മുടെ പതിവാണ്. പിന്നെയും നമ്മെ രക്ഷപ്പെടുത്താനായി മറ്റു വല്ലവരേയും കാത്തിരിക്കുകയും ചെയ്യുന്നു. "എന്‍റെ ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരിക്കും " എന്നും പറഞ്ഞ് നിഷ്ക്രിയനായി ഇരിക്കുമ്പോൾ, നിങ്ങളുടെ ജീവിതം തെരഞ്ഞെടുത്തത് നിങ്ങൾ തന്നെയാണ് എന്ന കാര്യം ഓർക്കണം.
"നിങ്ങൾ തീരുമാനമെടുക്കുന്ന നിമിഷത്തിലാണ്, നിങ്ങളുടെ വിധി നിലകൊള്ളുന്നത്." : ടോണി റോബിൻസ്.
നിന്നെ സ്നേഹിക്കുന്നുണ്ടെന്നും, നിന്‍റെ ജീവിത വിജയത്തിനായി ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും നിനക്ക് ബോധ്യപ്പെട്ട വ്യക്തികളുമായി നിരന്തരം ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്യുക. ശേഷം ബുദ്ധി പരമായ തീരുമാനമെടുക്കുക. എന്നാൽ നീ ഒരു സന്ദർഭത്തിൽ കൈ കൊള്ളുന്ന തീരുമാനം ആ സമയത്ത് മാത്രം ഏറ്റവും അനുയോജ്യമായ ഒന്നാണ് എന്ന് പ്രത്യേകം ഓർക്കണം. പിന്നീടത് നിങ്ങളുടെ പ്രതീക്ഷക്കൊത്ത ഫലം തരുന്നില്ലെങ്കിൽ, അതൊരു പിഴവായി കാണേണ്ടതില്ല. നിങ്ങൾക്കൊരിക്കലും ഭാവിയിലേക്ക് നോക്കി ഫലം പ്രവചിക്കാനുള്ള കഴിവില്ലല്ലോ, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അത്തരം തീരുമാനങ്ങൾ നിങ്ങൾ ഒഴിവാക്കുമായിരുന്നല്ലോ.
നമുക്ക് എല്ലായ്പ്പോഴും നല്ല പ്രതീക്ഷയും നല്ല ഫലസിദ്ധിക്കായുള്ള ശ്രമങ്ങളും ഉണ്ടായിരിക്കണം. നിങ്ങൾ പിന്തുടർന്ന ഒരു തീരുമാനമോ പദ്ധതി യോ പ്രതീക്ഷിത ഫലം നൽകുന്നില്ലാ എങ്കിൽ വേറൊരുവഴി സ്വീകരിക്കുക. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു ചോയ്സ് ഉണ്ട് . ചില നേരങ്ങളിൽ നിങ്ങൾക്ക് സാധാരണ രീതിയിൽ നിന്ന് മാറി പുതിയൊരു തീരുമാനമെടുക്കേണ്ടി വന്നേക്കാം. അതുപോലെ നിങ്ങളുടെ സ്വന്തം ആശങ്കകളുമായി ഏറ്റുമുട്ടുമ്പോൾ, പ്രത്യേകിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ വിമർശനത്തിന്‍റെ വഴികളും സ്വീകരിക്കാൻ നിങ്ങൾ പഠിക്കണം. ഇതൊക്കെ ഇനിയും വിശദീകരിക്കുന്നതിലും ദേധം ഇവയൊക്കെ സ്വയം പരീക്ഷിച്ചു ഫലം കണ്ടെത്തുന്നതായിരിക്കും.
പ്രശ്നങ്ങളിൽ തളക്കപ്പെടുന്നതിനു പകരം മുന്നോട്ടുള്ള വഴിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ആഗ്രഹങ്ങളിൽ നിരന്തരം പ്രതീക്ഷയർപ്പിക്കുക. ജീവിതത്തിൽ നിങ്ങളെടുക്കുന്ന തീരുമാനത്തിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക. അത് നിങ്ങളുടെ ജീവിതത്തെ പരിധിക്കപ്പുറത്ത് നിന്നും നിയന്ത്രണത്തിലേക്ക് മാറ്റി മറിക്കുന്നതാണ്.