top of page
  • Writer's pictureSabna Farsana

സ്നേഹിക്കുന്നു, എൻ്റെ മക്കളെ

നിങ്ങൾ പറയുന്നതിന് നേരെ എതിര് കേൾക്കുന്ന മക്കൾ നിങ്ങൾക്കുണ്ടോ? അതായത് നിങ്ങൾ അവരെ, ഇവിടെ വാ എന്ന് വിളിക്കുമ്പോൾ തിരിഞ്ഞോടുന്ന; അത് ചെയ്യരുതെന്ന് പറയുമ്പോൾ അത് തന്നെ ചെയ്യുന്ന മക്കൾ? ഈയൊരു സ്ഥിതിയിലായിരുന്നു ഞാനും.

ഓരോ ദിവസത്തിൻ്റേയും ഒടുക്കത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ എൻ്റെ സമയത്തിൻ്റെ സിംഹഭാഗവും ചെലവഴിച്ചത് അവർക്ക് വേണ്ടിയായിരുന്നു എന്ന് കണ്ടെത്താനാകും. അവർ വൃത്തികേടാക്കിവെച്ച സാധങ്ങൾ അടുക്കി വെക്കുക, പല്ല് തേക്കാനും കുളിക്കാനുമായി അവരെ ബാത്ത് റൂമിലെത്തിക്കുക, അതു കഴിഞ്ഞ് അവരെ ഡൈനിംഗ് ടേബിളിനു മുമ്പിലെത്തിക്കുക, അതിനിടെ അവരുടെ കുറുമ്പും കുശുമ്പുമൊക്കെ തീർപ്പാക്കുക, അവസാനം അവരെ കിടപ്പറയിലെത്തിക്കുന്നത് വരെയുള്ള ഓട്ടപ്പാച്ചിലുകൾ.

എൻ്റെ മകളെ എങ്ങനെ നിയന്ത്രിക്കാം, അവർ ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിലും ലളിതവുമായി അവരെക്കൊണ്ട് എങ്ങനെ ചെയ്യിക്കാം എന്നൊക്കെ മനസിലാക്കാനായി ഒത്തിരി പാരൻ്റിംഗ് ക്ലാസ്സുകൾ ഞാൻ വായിക്കുകയും കാണുകയും കേൾക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മനസിലാക്കിയ ആദ്യ പാഠം ഇതായിരുന്നു: എനിക്കൊരാളേയും, എൻ്റെ മക്കളെപ്പോലും നിയന്ത്രിക്കാൻ ആവില്ല; എനിക്ക് സ്വന്തത്തെ നിയന്ത്രിക്കാനും മറ്റുള്ളവരിൽ സ്വാധീനം ചെലുത്താനുമാകും, അത്രമാത്രം.

ഓരോ കുട്ടിയും വ്യത്യസ്ഥനും അതുല്യനുമാണ്. അതുകൊണ്ട് തന്നെ പാരന്റിംഗ് മേഖലയിൽ ഒരാളുടെ പ്രായോഗിക രീതി മറ്റൊരാളിൽ വിജയം കാണണമെന്നില്ല. ഇവിടെയാണ് trail and error മെത്തേഡാണ് പരീക്ഷണ വിധേയമാകുന്നത്.

ഞാൻ പരിക്ഷിച്ച് വിജയം കണ്ടതും, ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നതുമായ ചില പ്രായോഗിക രീതികൾ ഇവിടെ കുറിക്കുകയാണ്.

1. അവരോട് ഇപ്രകാരം ചോദിക്കുന്നു: "മോളേ, ഞാൻ നിന്നെ എന്ത് പേര് വിളിച്ചാലാണ് ഇമ്മച്ചി പറയുന്നത് അനുസരിക്കുക?" എൻ്റെ മുതിർന്ന മോളെ സ്വത്ത് എന്നും ചെറിയവളെ കുഞ്ഞ് എന്നും വിളിക്കാനാണ് അവർക്കിഷ്ടം. ആ പേര് വിളിച്ച്, അവർ ഏർപ്പെട്ട ഒരു പ്രവർത്തി നിർത്താനോ, അല്ലെങ്കിൽ എൻ്റെ അടുക്കൽ വരാനോ ആവശ്യപ്പെട്ടാൽ അവരത് അനുസരിക്കും. വല്ലപ്പോഴും അവർ മടി കാണിക്കുമ്പോൾ ഞാനവരെ ഉണർത്തും 'നിന്നെ ഞാനാ പേര് വിളിച്ചാൽ എന്നെ അനുസരിക്കുമെന്ന് നീ വാക്കു തന്നതല്ലേ?' എന്ന്.

2. വല്ല സ്ഥലത്തും അവർ എത്തിപ്പെടണമെന്നുണ്ടെങ്കിൽ ഞാനവരോട് ഇങ്ങനെ പറയും :' ഇമ്മച്ചി കണ്ണു ചിമ്മി പത്തു വരെ എണ്ണാൻ പോവുകയാണ്. പത്ത് വരെ എണ്ണിത്തീരും മുമ്പ് മോള് അവിടെ എത്തുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.'

3. ദിവസത്തിൻ്റെ അവസാനം ഞാനവരിലൊരുത്തിയെ പിടിച്ച് മടിയിലിരുത്തി, അവരെ മാറോടണച്ച് ഞാനവരെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുന്നു. അവർ അന്ന് ചെയ്ത നല്ല കാര്യങ്ങളെയൊക്കെ എടുത്ത് പ്രശംസിക്കുന്നു. ശേഷം അവർ പരസ്പരം വഴക്കിട്ടതും, കള്ളം പറഞ്ഞതും പോലെയുള്ള തെറ്റുകളെക്കുറിച്ചും ചർച്ച ചെയ്യുന്നു. അതവരെ ബോധ്യപ്പെടുത്തിയ ശേഷം , അതിനെപ്പറ്റി അവരെന്ത് ചിന്തിക്കുന്നു എന്ന് ചോദിക്കും. ഒപ്പം അവയൊക്കെ ചെയ്താലുള്ള അനന്തര ഫലങ്ങൾ ബോധ്യപ്പെടുത്തി, ആവർത്തിച്ചാൽ എന്തു ചെയ്യണമെന്നും പരസ്പരം ചർച്ച ചെയ്യുന്നു.

4. എനിക്ക് ദ്വേഷ്യം വരുന്ന ചില പ്രത്യേക സന്ദർഭങ്ങളിൽ, ഞാനവരോടുള്ള സംസാരത്തിൻ്റെ വേഗത, ശബ്ദം, ഗൗരവം എല്ലാം ഒതുക്കുന്നു. ആദ്യമായി ഞാൻ ആഴത്തിലൊന്ന് ശ്വാസമെടുക്കും. എന്നിട്ട് ഉഛത്തിൽ സംസാരിക്കാൻ ഒരുങ്ങിയിട്ടുണ്ടെങ്കിൽ, വാക്കുകൾ പതുക്കെ കുറഞ്ഞ പിച്ചിൽ പറഞ്ഞ് നല്ലൊരു മധുര വാക്കിൽ ചെന്നെത്തിക്കും. ശേഷം ഞാനെന്തിന് ദ്വേഷ്യം പിടിച്ചു എന്നും, അത് സ്വന്തത്തിൻ്റെയും മറ്റുള്ളവരുടേയും ഹൃദയത്തെ എത്രത്തോളം വേദനിപ്പിക്കുമെന്നും വിവരിച്ചു കൊടുക്കും."മോളേ നിന്നെ ഞാൻ സ്നേഹിക്കുന്നു. പക്ഷേ, നീ ഈ ചെയ്ത കാര്യം എനിക്ക് തീരേ ഇഷ്ടമല്ല, നീ ഇനിയിത് ആവർത്തിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു." എന്ന് പറയും. ചിലപ്പോഴൊക്കെ അവരെന്തെങ്കിലും വേണ്ടാത്ത കാര്യങ്ങൾ ചെയ്താൽ ഉടനെ എൻ്റെയടുക്കൽ ഓടിയെത്തി ചോദിക്കും, "ഉമ്മയെന്നെ ഇഷ്ടപ്പെടില്ലേ?" മറ്റെന്തെങ്കിലും പറയും മുമ്പേ ഞാനവരോട് പറയും : "എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. ഞാനെപ്പഴും നിന്നെ സ്നേഹിക്കും. നീയെൻ്റെ കുഞ്ഞല്ലേ. പക്ഷേ, നീ ആ ചെയ്തത് ശരിയായിരുന്നോ എന്ന് നീയെയൊന്ന് ചിന്തിച്ചു നോക്കൂ.'

5. എൻ്റെ മക്കൾ രണ്ടാളും വല്ല വഴക്കിലുമേർപ്പെടുമ്പോൾ ഞാൻ അവരിൽ ഒരാളുടേയും പക്ഷം ചേരാറില്ല. രണ്ടാളുടേയും വിശദീകരണം തേടി ഗൗരവത്തിൽ തന്നെ അവരോട് സംസാരിക്കും. നീ സോറി പറയൂ എന്ന് പറയുന്നതിന് പകരം, നിങ്ങളെ എന്ത് ചെയ്യണമെന്ന് നിങ്ങൾ തന്നെ ഒന്ന് ചിന്തിക്കൂ, എന്നായിരിക്കും പറയുക.

6. അവർ എന്തെല്ലാം ചെയ്യരുതെന്ന് പറഞ്ഞ ശേഷം, എന്തൊക്കെ ചെയ്യണമെന്നും നിർദേശം നൽകുന്നു. ഉദാഹരണമായി, ഇങ്ങനെ പറയും : നീയൊരിക്കലും നിൻ്റെ കൂടെപ്പിറപ്പിൻ്റെ വിഹിതം കൂടി ആവശ്യപ്പെടരുത്, പകരം നിനക്ക് ലഭിച്ചതിൽ നന്ദി കാണിച്ചാൽ നിനക്കും സന്തോഷം വന്നെത്തും."

7. അവരോട് ഞാൻ ചോദിക്കും 'നിങ്ങൾ ചെയ്ത പോലെ ആരെങ്കിലും നിങ്ങളോട് പെരുമാറിയാൽ നിങ്ങൾ ഇഷ്ടപ്പെടുമോ? ഇല്ല, നിങ്ങളോട് മറ്റുള്ളവർ ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടാത്ത ഒന്നും നിങ്ങൾ അവരോടും ചെയ്യരുത്. സ്നേഹമുള്ള ...... ആകാനോ ക്രൂരയായ ....... ആകാനോ ആണ് നീ ഇഷ്ടപ്പെടുന്നത് ? (മറ്റുള്ളവരിൽ അവർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇതിലൂടെ അവരെ ബോധ്യപ്പെടുത്തുന്നു.)

8. അവർ സങ്കടപ്പെടുകയോ ദ്വേഷ്യം പിടിക്കുകയോ ചെയ്യുമ്പോൾ, അവരെ അവഗണിക്കുന്നതിനു പകരം, അവരുമായി കാര്യങ്ങൾ സംസാരിക്കുന്നു. എന്നാൽ അവർ കുശുമ്പ് കാണിക്കാൻ തുടങ്ങിയാൽ ഞാൻ മെല്ലെ തിരിഞ്ഞു നടക്കും എന്നിട്ടവരോട് പറയും, 'നിങ്ങൾ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചാലേ എനിക്ക് മനസ്സിലാവൂ.'

9. നിയമങ്ങൾ നിയമങ്ങൾ തന്നെയായുണ്ടാകും, അത് വളച്ചൊടിക്കാവില്ല. സ്ക്രീൻ ടൈം പോലെയുള്ള നിശ്ചിത ഘട്ടങ്ങളിൽ അവർ കരയുകയോ വാശി പിടിക്കുകയോ ചെയ്താൽ പോലും ഞാനെൻ്റെ തീരുമാനങ്ങളെ മാറ്റാറില്ല.

10. അവർ എൻ്റെ സഹായിക്കാനായിത്തുമ്പോൾ, അതെനിക്ക് കൂടുതൽ പണി കിട്ടുമെന്ന് ബോധ്യമുണ്ടായാൽ പോലും ഞാനവരെ അനുവദിക്കുന്നു. എന്നിട്ട് അവരുടെ മിസ്റ്റേക്കുകൾ എണ്ണിപ്പറയുന്നതിന് പകരം അവരുടെ ദയാവായ്പുള്ള മനസ്സിനെ പ്രശംസിക്കുകയാണ് ചെയ്യാറ്. പുതുമയാർന്ന രീതിയിൽ നിങ്ങൾക്കെന്ത് ചെയ്യാനാകും എന്നവർക്ക് നിർദേശം നൽകുകയും ചെയ്യും.

11. ഞാനവരെ സ്നേഹിക്കുന്ന കാരണത്താൽ അവർക്കായി പലതും ചെയ്തിട്ടുണ്ടെന്ന് അവരോട് തുറന്ന് പറയുന്നു. ഗർഭിണിയായിരുന്നപ്പോൾ അവരോടൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചും ഞാനവരോട് പറഞ്ഞിട്ടുണ്ട്. ഗർഭത്തിൻ്റെ ആദ്യ നാളുകളിൽ എന്തുമാത്രം ആശ്വാസവും സന്തോഷവുമായിരുന്നെന്നോ അവരെനിക്ക് സമ്മാനിച്ചത് എന്നെല്ലാം.

12. അവർക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.

13. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഞാനവരെ ഒരിക്കലും നിർബന്ധിക്കാറില്ല. "നിങ്ങൾക്ക് വിശക്കുമ്പോൾ കഴിച്ചോളൂ" എന്നായിരിക്കും എന്റെ നിലപാട്.

14. ഉറങ്ങാൻ നേരത്ത് ഞാനവർക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നു. അവരിൽ മാറ്റമുണ്ടാക്കാനുതകുന്ന വല്ല വിഷയവും തെരഞ്ഞെടുക്കുന്നു. അവർ നായക പരിവേഷം നൽകുന്ന ഒരു മൃഗത്തെ തന്നെ മുഖ്യ കഥാപാത്രമായെടുക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ അവർ എങ്ങനെ പെരുമാറണമെന്നാണോ ഞാനാഗ്രഹിക്കുന്നത്, അതിനനുസരിച് ഒരു കഥ മെനയുന്നു. ഉദാഹരണമായി, അവരെന്തെങ്കിലും അബദ്ധങ്ങൾ ചെയ്താൽ ഉടനെ എന്റെ അടുക്കൽ വന്ന് അവരത് പറയണം എന്നാണ് ഞാനാഗ്രഹിക്കുന്നത് എങ്കിൽ കഥ ഇങ്ങനെയായിരിക്കും : ഒരിക്കലൊരിടത്ത് കളിതമാശകളൊക്കെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞാനയുണ്ടായിരുന്നു. അവൾക്ക് തന്റെ മാതാപിതാക്കളെ പെരുത്ത് ഇഷ്ടമായിരുന്നു. അവൾ നല്ലവളും ദയയുള്ളവളുമായിരുന്നു. അവളുടെ മമ്മിയാനയ്ക്ക്, നല്ല ഭംഗിയുള്ള വിലപിടിപ്പുള്ള ഒരു കല്ലുണ്ടായിരുന്നു. അതവർ പൊന്നുപോലെ സൂക്ഷിച്ചിരുന്നു. ഒരുനാൾ കുഞ്ഞാന ആ കല്ല് കാണാനിടയായി. അവൾ അതിന്റെ ഭംഗിയിൽ ആശ്ചര്യപ്പെട്ടു. "എന്തൊരു ഭംഗിയാണി തിന് ഇത്ര ചന്തമുള്ള ഒന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല, എനിക്കിത് എന്റെ കൂട്ടുകാർക്ക് കാണിച്ചു കൊടുക്കണം. മമ്മിയുടെ ശ്രദ്ധയിൽ പെടാതെ മെല്ലെ എടുത്ത് തിരിച്ച് കൊണ്ടു വെക്കാം." അവൾ മനസ്സിൽ പറഞ്ഞു. അങ്ങനെ കുഞ്ഞാന മെല്ലെ ആ കല്ലെടുത്തു. അത് കൂട്ടുകരെ കാണിക്കാനുള്ള തിടുക്കത്തിൽ നേരെ കാട്ടിലേക്ക് നടക്കാൻ തുടങ്ങി. എന്നാൽ അവിടെയെത്താൻ ഒരു പുഴ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ അവളാ പുഴ കടക്കുന്നതിനിടെ ആ കല്ല് വെള്ളത്തിൽ വീണു പോയി. പല നിലക്കും ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. അങ്ങനെ ആ കല്ല് നഷ്ടപ്പെട്ടു. കുഞ്ഞാനയാകെ പരിഭ്രമത്തിലായി ! ഇനി മമ്മിയോട് ഞാനെന്ത് പറയും ? അല്ലെങ്കിൽ ഈ കാര്യം മമ്മിയെ അറിയിക്കാതിരിക്കാം. കുഞ്ഞാന സങ്കടത്തോടെ വീട്ടിലെത്തി. അവൾക്ക് മമ്മിയോട് അത് ഒളിപ്പിച്ചു വെക്കാൻ കഴിഞ്ഞില്ല. കല്ല് കണ്ടെത്താനായില്ലെങ്കിൽ മമ്മി സങ്കടപ്പെടും. ഏതായാലും കുഞ്ഞാന പതുകെ മമ്മിയുടെ അടുത്ത് ചെന്ന് പറഞ്ഞു : "മമ്മീ എന്നോ ട് ക്ഷമിക്കണം. നിങ്ങളുടെ ആ വിലപിടിപ്പുള്ള സുന്ദര കല്ലുണ്ടല്ലോ. അതിന്റെ ഭംഗി എന്റെ കൂട്ടുകാർക്കും കാണിച്ചു കൊടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ അതുമായി പോകുമ്പോൾ വഴിമധ്യേ അത് പുഴയിൽ വീണു അപോയി. എന്നോട് ക്ഷമിക്കണം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ വിചാരിച്ചിട്ടേയില്ല. മമ്മി ആ കല്ല് എത്രമാത്രം ഇഷ്ടമായിരുന്നുവെന്ന് എനിക്കറിയാം."

ഇതു കേട്ടയുടനെ മമ്മിക്ക് അതിയായ ദ്വേഷ്യം വന്നു. അവരുടെ ഭാവമാകെ മാറി. അവർക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഇത് കണ്ട കുഞ്ഞാന മെല്ലെ തിരിഞ്ഞു നടന്നു. താഴെയിരുന്നു കരയാൻ തുടങ്ങി. ഉടനെ അമ്മയാന അവളുടെ അടുക്കൽ ഓടിയെത്തി, അവളെ കൂട്ടിയണച്ചു കൊണ്ട് പറഞ്ഞു."ശരിയാണ് കുഞ്ഞേ, തെറ്റുകൾ സ്വാഭാവികമാണ്. എന്നാൽ എന്റെ അടുത്തു വന്ന് ആ തെറ്റുകൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച എന്റെ പൊന്നു മോളെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ നീ ഇങ്ങനെ ചെയ്തതിൽ എനിക്ക് സങ്കടമുണ്ട്. ആ കല്ലിനേക്കാൾ മമ്മി, മോളെ സ്നേഹിക്കുന്നുണ്ട്. ഇനി മുതൽ മമ്മിയുടെ അനുമതിയില്ലാതെ എന്റെ മോൾ ഒരു കാര്യവും ചെയ്യുകയില്ലെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. " മമ്മിയമ്മയുടെ ഈ വാക്കുകൾ കുഞ്ഞാന സ്വീകരിക്കുകയും എന്നെന്നും ജീവിതത്തിൽ പാലിക്കുകയും ചെയ്തു. പിന്നീട് മമ്മിയുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് കുഞ്ഞാന മമ്മിയോട് സമ്മതം ചോദിക്കൽ പതിവായിരുന്നു.

ഹോ....... ഒരു പാട് നീണ്ടു പോയല്ലോ ...!

അവസാനയി ഉണർത്താനുള്ള പ്രധാനപ്പെട്ടൊരു കാര്യം ഇതാണ് : ഒത്തിരിയൊത്തിരി സ്നേഹങ്ങൾ, ആലിംഗനങ്ങൾ എല്ലാം അവർക്ക് നൽകണം. അവർ ചെയ്ത ചെറിയ കാര്യങ്ങൾക്ക് പോലും അവരെ അഭിനന്ദിക്കുകയും വേണം. സ്നേഹവും സംരക്ഷണവുമാണ് എന്റെ ഏറ്റവും വലിയ മൂല്യമെന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്. ഇത് എന്റെ സമ്മർദ്ദങ്ങൾ കുറക്കാനും, ദ്വേഷ്യം നിയന്ത്രിച്ച് മയത്തിൽ വർത്തിക്കാനും സഹാ യകമായിട്ടുണ്ട്.

അവരെ ബഹുമാനിക്കുകയും ഒരു കൂട്ടുകാരനോടെന്നപോലെ അവരോട് സംസാരിക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ അതിന് നിന്ന് കൊടുക്കുകയും അത് സ്വീകരിക്കകയും ചെയ്യുന്നു. അവരുമായി കളികളിലേർപ്പെട്ട് ഒത്തിരി നല്ല ഓർമ്മകൾ ഉണ്ടാക്കിയെടുക്കുന്നു. പുഞ്ചിരിയോടെ ദിവസം തുടങ്ങുകയും പുഞ്ചിരിയോടെ അവസാനിക്കുകയും ചെയ്യുന്നു.

പിഴവുകൾ എനിക്കും സംഭവിക്കാറുണ്ട്. എന്നാൽ എന്റെ നിയന്ത്രണങ്ങളിൽ നിന്നും കാര്യങ്ങൾ കൈവിട്ട് പോകുമ്പോൾ ഞാനവരോട് സോറി പറയും.

ഒരു കുടംബത്തെപ്പോലെ നമ്മളിതിൽ ഒറ്റക്കെട്ടാണ്. ഇത് വായിക്കുന്ന എല്ലാ മാതാ പിതാക്കൾക്കും, മക്കളോട് ആദരവും അവരുമായി നല്ല സ്നേഹ ബന്ധവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

102 views0 comments

Recent Posts

See All
bottom of page