Sabna Farsana
പേടിച്ച പോലെ തന്നെ
നമ്മൾ ചില കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ മനസ്സിൽ എന്താണ് പറയാറ്,
"പരാജയെപ്പെടുമോ"
"അബദ്ധമാകുമോ"
"സമയത്തിനുള്ളില്‍ തീരില്ലേ"
എന്നിട്ട് അവസാനം "വിചാരിച്ച പോലെ തന്നെ പാളിപ്പോയി" അല്ലേ, ഇടക്ക് ഭാഗ്യം കൊണ്ട് രക്ഷപെട്ടെന്നും വരാം.

എന്താണ് ഇവിടെ ശെരിക്കും പരാജയത്തിന് കാരണം? പേടി, അല്ലെങ്കി ഉത്കണ്ഠ ഒരു അളവില്‍ അധികം കൂടുമ്പോൾ, അല്ലെങ്കിൽ അനാവശ്യ സമയങ്ങളില്‍ ഉയർന്ന് വരുമ്പോൾ, അത് പ്രവൃത്തിയെ ബാധിക്കും. നമ്മുടെ ഏറ്റവും മികച്ചത് പുറത്ത് കൊണ്ടു വരാൻ കഴിയില്ല. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ, എത്ര നന്നായി പഠിച്ച് പറയാൻ കഴിയുന്നതാണെങ്കിലും ടീച്ചറുടെ മുന്നില്‍ ചെന്ന് നിന്നാൽ ഒക്കെ മറന്നു പോകാറുണ്ടായിരുന്നില്ലേ. അത് പോലെ ഞാൻ കേൾക്കാറുള്ള ഒന്നാണ്, സ്വന്തം വീട്ടില്‍ എന്ത് പാചകം ചെയ്താലും ഉഷാറാകും, പക്ഷേ ഭര്‍ത്യവീട്ടിൽ അതേ വിഭവം ഉണ്ടാക്കുമ്പോള്‍ അത് പോലെ ശരിയാവുന്നില്ല. ഒരു തിരക്കും ഇല്ലാത്ത ദിവസം എളുപ്പം ചെയ്തു തീര്‍ക്കുന്നത്, തിരക്കുള്ള ദിവസങ്ങളില്‍ ഒരു പാട് സമയം എടുക്കുന്നു.
ഉത്കണ്ഠ, പേടി മനുഷ്യന് ആവശ്യമുള്ള ഒന്ന് തന്നെയാണ്. വരാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചുള്ള സൂചനയാണ്. അപ്പോൾ ഒന്നൂടെ സൂക്ഷിച്ച് നോക്കി, കാര്യങ്ങൾ വിലയിരുത്തി, അതിനുള്ള മുന്‍കരുതലുകള്‍ എടുത്ത് മുന്നോട് നീങ്ങണം. പക്ഷേ അത് നമ്മുടെ കാര്യക്ഷമതയെ ബാധിക്കുമ്പോൾ നമ്മൾ പേടിച്ച പോലെ തന്നെ സംഭവിക്കാനുള്ള സാധ്യത കൂട്ടുകയാണ്.
എന്തിനാണ്, അല്ലെങ്കിൽ എന്തിനെ കുറിച്ചാണ് ഉത്കണ്ഠ എന്ന് അറിയുക. അതിന് പിന്നിലെ കാരണങ്ങൾ സ്വന്തത്തോട് ചോദിക്കുക. അത് ഒഴിവാക്കാനുള്ള അല്ലെങ്കിൽ തരണം ചെയ്യാനുള്ള വഴികള്‍ കണ്ടെത്തി സ്വന്തത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ഇനി അനാവശ്യമായ ഉത്കണ്ഠയുള്ള അല്ലെങ്കിൽ പേടിപ്പെടുത്തുന്ന സംഭവം യാഥാര്‍ത്ഥ്യമായാൽ പോലും അതിലൂടെ കടന്ന് പോയിട്ടും എനിക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ല, ഞാൻ ജീവനോടെ ഉണ്ട്, ബാക്കിയുള്ളത് എല്ലാം എനിക്ക് തരണം ചെയ്യാൻ കഴിവുള്ളതാണ് എന്ന് മനസ്സിൽ പറയുക. ഞാൻ എന്തും നേരിടാൻ തയ്യാറാണ് എന്ന് ഉറച്ച് വിശ്വസിക്കുക.
ആ പേടിയോട് ഗാല്ലറിയിൽ ഇരുന്ന് അപകടം വരുന്നുണ്ടോ എന്ന് നോക്കിയാൽ മതി, കളിയുടെ ഇടക്ക് കയറി താറുമാറാക്കാൻ പാടില്ല എന്ന് കര്‍ക്കശമായി പറയുക. എന്താണ് വേണ്ടാത്തത് എന്നുള്ളതില്‍ നിന്ന് എന്താണ് വേണ്ടത് എന്നുള്ളതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നിട്ട് അതിനുവേണ്ടിയുള്ള ഏറ്റവും മികച്ച പ്രകടനം പുറത്ത് കൊണ്ടുവരാൻ പ്രവര്‍ത്തിക്കുക. ഏറ്റവും നല്ല ശ്രമം പുറത്ത് എടുത്തിട്ടും പാളിപ്പോയാൽ, ഖല്ലി വല്ലി, അത് വിട്ടേക്ക്. എളുപ്പം അടുത്ത കാര്യത്തിലേക്ക് ചാടുക.