Sabna Farsana
മക്കളും ദിനചര്യയും പിന്നെ ഞാനും
Updated: May 20, 2021
ഒരു ദിനചര്യ ജീവിതത്തിന്‍റെ ഭാഗമാക്കാൻ ഒരുപാട് കാലം ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്, പ്രത്യേകിച്ച് ഗർഭകാലത്തും എന്‍റെ മക്കളുടെ ശൈശവത്തിലും. ആദ്യത്തെ ഓക്കാനവും ഛർദ്ദിയും ഞെരിപിരി കൊണ്ടുള്ള ഉറക്കവും കോച്ചിപ്പിടുത്തവും വേദനയും ക്ഷീണവും, അതിനിടയില്‍ കിടക്കയിൽ നിന്ന് എണീക്കലായിരുന്നു എന്‍റെ ഏറ്റവും വലിയ ഉദ്യമം. അന്ന് ഞാൻ വിചാരിച്ചു, എന്‍റെ ആദ്യത്തെ കണ്‍മണി വരുന്നതോടെ ഒക്കെ മെച്ചപ്പെടും. അമ്മമാരായ നിങ്ങൾ പലരും ചിരിക്കുന്നത് എനിക്ക് കാണാം. അതെ, ആ പ്രതീക്ഷ വെള്ളത്തിൽ ആയി പോയി.

രാത്രി മുഴുവന്‍ ആട്ടി കൊണ്ടിരിക്കേണ്ട, എപ്പോഴും ഞാൻ അവളുടെ അടുത്ത് വേണം എന്ന് വാശി പിടിക്കുന്ന, തൊട്ടിലില്‍ ഉറങ്ങാണെങ്കിലും മുറിയില്‍ നിന്ന് ഞാൻ പുറത്ത് ഇറങ്ങിയാൽ അറിയുന്ന, ഞാൻ ഭക്ഷണം ഉണ്ടാക്കുമ്പൊഴോ വൃത്തിയാക്കുമ്പോഴോ എന്‍റെ ഡ്രസ്സിൽ തൂങ്ങി കരയുന്ന ഒരു കുട്ടിയും, എന്തിനാണ് കുട്ടി കരയുന്നത് എന്ന് എപ്പോഴും ആവലാതിപ്പെടുന്ന (ഡോക്ടർമാർ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞിട്ടും), ഒന്ന് ടോയ്‌ലെറ്റിൽ പോവാൻ പോലും അവളുടെ ഉപ്പ ജോലി കഴിഞ്ഞ് തിരിച്ച് എത്തുന്ന വരെ കാത്തിരിക്കുന്ന ഉമ്മയായ ഞാനും, ഒരു കുട്ടിനെ നോക്കലാണ് ഈ ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എന്ന് തോന്നിത്തുടങ്ങി. ഞാൻ അവളെ കിടത്തിയാലും താരാട്ട് പാടിയാലും ആട്ടിയാലും ഉറങ്ങാൻ അവൾ തന്നെ മനസ്സ് വെക്കണമെന്നും, ഞാൻ അവള്‍ക്ക് ഭക്ഷണം ഉണ്ടാക്കി വാ വരെ കൊണ്ടു കൊടുത്താലും അത് വയറ്റിലേക്ക് എത്തണമെങ്കിൽ അവൾ മനസ്സ് വെക്കണം എന്നും അവൾ എന്നെ പഠിപ്പിച്ചു. മാതൃത്വത്തിൽ എനിക്ക് ആദ്യം കിട്ടിയ ബോധ്യം - അവളെയും മറ്റു പല കാര്യങ്ങളെയും എനിക്ക് പൂർണമായും നിയന്ത്രിക്കാൻ കഴിയില്ല എന്നും, അതെല്ലാം എങ്ങനെ എന്‍റെ ജീവിതത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിയിട്ടും എനിക്ക് അതിൽ കുറച്ച് മാത്രമേ ചെയ്യാൻ കഴിയുകയൊള്ളൂ എന്നും. സ്ഥിരമായ ഉറക്കമില്ലാത്ത രാത്രികളും അലറികരച്ചിലുകളുടെ പകലുകളും എനിക്ക് ഒരു കൂട്ടാളിയെ കൂടി സമ്മാനിച്ചു - തലവേദന. വലതും ഇടതും തിരിച്ച് അറിയാൻ കഴിയാതെയായി. എന്‍റെ ശരീരം കടന്ന് പോയ വേദന കൂടി ഞാൻ വിവരിക്കുന്നില്ല, പ്രത്യേകിച്ച് ഊര വേദന, രാത്രി മുഴുവന്‍ ഇരുന്നും നിന്നും കുട്ടിനെ തൊട്ടിലില്‍ ആട്ടിയിട്ടും എടുത്ത് നടന്നിട്ടും.
സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നിട്ടും, എന്‍റെ ജീവിതത്തിലെ ഏറ്റവും നിസ്സഹായാവസ്ഥകളിൽ ഒന്നായിരുന്നു അത്. എന്നും ഒരു ദിനചര്യ പ്ലാൻ ചെയ്യും. മറക്കാതിരിക്കാൻ പേപ്പറിൽ എഴുതി കാണുന്നിടത്ത് ഒട്ടിച്ച് വെക്കും. സമയത്തിന് എതിരെ ഓടാൻ ശ്രമിക്കും. എന്നിട്ട് അത് പിന്തുടരാൻ കഴിയാത്തത് കൊണ്ട് ആകെ അസ്വസ്ഥമായി ജീവിതത്തിൽ തോറ്റു പോയല്ലോ എന്ന് പറഞ്ഞ് കരയും. രാത്രി ഉറക്കമില്ലാഞ്ഞിട്ടും നേരം വെളുക്കുന്ന മുമ്പ് എണീറ്റാലും, ഉറക്കത്തിൽ കരഞ്ഞ് കൊണ്ടിരിക്കുന്ന മകളുടെ അടുത്ത് ആകാശം നിറം മാറുന്നത് നോക്കി കിടക്കേണ്ടി വരും, അല്ലെങ്കി വാശി പിടിച്ച് കരയുന്ന അവളെ ഒക്കത്ത് വെച്ച് ഒറ്റ കൈ കൊണ്ട് ബാക്കിയുള്ള കാര്യങ്ങൾ അമ്മാനമാടും, അങ്ങനെ ശാന്തമായ രാവുകള്‍ വിഭ്രാന്തി പിടിച്ചതായി മാറും.
പിന്നീട് ഞാൻ അത് അംഗീകരിച്ച് തുടങ്ങി. ജീവിതത്തിൽ നമ്മുടെ ദിനം എങ്ങനെ ചിലവഴിക്കണം എന്നുള്ളത് പൂർണമായും നിയന്ത്രിക്കാൻ കഴിയാത്ത ഘട്ടങ്ങള്‍ ഉണ്ടാകും. ചിലപ്പോൾ അസുഖം (ശാരീരികമായോ മാനസികമായോ) കാരണമാകാം, അല്ലെങ്കിൽ നമ്മുടെ പൂര്‍ണ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടിയോ രോഗിയോ പ്രായമുള്ളവരോ ഉള്ളത് കൊണ്ടായിരിക്കാം. നമുക്ക് ചെയ്യാൻ ആഗ്രഹമുള്ളതെല്ലാം ഉള്‍കൊള്ളിച്ച് ഒരു ദിനചര്യ പ്ലാൻ ചെയ്ത് അത് പിന്തുടരാൻ നമ്മുടെ ഏറ്റവും മികച്ച പരിശ്രമങ്ങള്‍ പുറത്ത് കൊണ്ടുവന്നാലും, ഒരിക്കലും മാനസിക സമ്മര്‍ദ്ദത്തെ കീഴ്പ്പെടുത്താൻ അനുവദിക്കരുത്. പരിശ്രമിച്ചിട്ടും നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍ കാര്യങ്ങൾ പ്ലാൻ ചെയ്ത പോലെ നടന്നില്ലെങ്കിൽ അതൊരു തോല്‍വി അല്ല. മറിച്ച് കഴിയുന്നത്ര പരിശ്രമിച്ചതിന് സ്വന്തത്തെ അഭിനന്ദിക്കുക. നമ്മുടെ നിയന്ത്രണത്തിലുള്ള ഏക കാര്യം സ്വന്തത്തെ കൈകാര്യം ചെയ്യാനുള്ള മാനസികനിലയാണ്. എല്ലാം എളുപ്പമാകും എന്ന് വിശ്വസിക്കുക, ചിലത് വിജയകരമായി പൂര്‍ത്തിയാക്കിയതിന് സന്തോഷിക്കുക.
ഇനി നിങ്ങൾ , വൈകുന്നേരം ആയിട്ടും കുളിക്കാത്ത, കുട്ടിനെയോ രോഗിയെയോ പ്രായമായവരെയോ പരിചരിക്കുന്ന ആളെ കണ്ടാൽ, അവരുടെ വീട് ആകെ അലങ്കോലമായി കിടക്കുന്നത് കണ്ടാൽ, ചാടിക്കയറി അവരെ വിമര്‍ശിക്കുന്ന പകരം എങ്ങനെ സഹായിക്കാം എന്ന് ചോദിക്കുക. നിങ്ങള്‍ അവരെ കുറിച്ച് ശെരിക്കും ആവലാതിപ്പെടുന്നവരാണെങ്കിൽ നിങ്ങളുടെ വിമര്‍ശനങ്ങള്‍ അവര്‍ക്ക് ഒരു ഉപകാരവും ചെയ്യില്ല എന്ന് മനസ്സിലാകുക. ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് അവര്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ട്, അത് ചെയ്യാൻ കഴിയാത്തതിൽ അവര്‍ അവരെ തന്നെ കുറ്റപ്പെടുത്തുന്നുമുണ്ടാകും. അപ്പൊ, മുന്നോട് വന്ന് അവര്‍ക്ക് ഒരു സഹായഹസ്തം നല്‍കുക. അതിന് സാധിക്കില്ലെങ്കിൽ മനസ്സ് അറിഞ്ഞുള്ള പുഞ്ചിരിയും പ്രചോദനമേകുന്ന വാക്കുകളും നല്‍കുക.
വിദേശത്ത് ആയിരുന്നപ്പോൾ സ്നേഹനിധികളായ കൂട്ടുകാരും അയല്‍വാസികളും എനിക്കും ഉണ്ടായിരുന്നു. എനിക്ക് സുഖമില്ലാതിരുന്നപ്പോൾ ഇടക്ക് വന്ന് സുഖമന്വേഷിക്കുകയും ഭക്ഷണം തരികയും ചെയ്തിരുന്ന എന്‍റെ അയല്‍വാസി മൈമൂനജിയും, വീട് വൃത്തിയാക്കാനും തുണികള്‍ ആറിയിടാനും എനിക്ക് മറ്റ് പണികള്‍ എടുക്കാൻ മക്കളെ നോക്കുകയും ചെയ്തിരുന്ന എന്‍റെ കൂട്ടുകാരി റാഹിലാത്തയും. ആവശ്യസമയത്ത് എന്നെ സഹായിച്ചത് പോലെ അവരെയും സഹായിക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
തീര്‍ച്ചയായിട്ടും പിന്നീട് എല്ലാം മെച്ചപ്പെട്ടു. എന്‍റെ വലിയ മോള് രാത്രി ഉടനീളം ഉറങ്ങാൻ തുടങ്ങി. ചെറിയ ആൾ രാത്രി ഉണര്‍ന്നാലും അവളെ ചേര്‍ത്തു പിടിക്കുന്നതോടെ വീണ്ടും ഉറങ്ങും (രാത്രി മുഴുവന്‍ തൊട്ടിലിലിട്ട് ആട്ടേണ്ട ഘട്ടം ഞങ്ങൾ വിജയപൂര്‍വ്വം തരണം ചെയ്തു). അവർ തന്നെ അവരുടെ വയറ് നിറയ്ക്കും. പണ്ടത്തെ പോലെ എന്‍റെ മേല്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കാറില്ല. വീട്ടിലോ മുറ്റത്തോ കളിക്കുമ്പോൾ അവരുടെ മേല്‍ ഒരു കണ്ണ് വെക്കണം. ഇടക്ക് ഇടക്ക് അവര്‍ തമ്മിലുള്ള വഴക്കും അടിയും ഒത്തു തീര്‍പ്പാക്കാന്‍ ഇടപെടുകയും വേണം.
ഒന്നൂടെ ദിവസങ്ങൾ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും അത് പിന്തുടരാൻ അവര്‍ക്ക് പ്രേരണയും നല്‍കി തുടങ്ങി. ഓരോ ദിവസവമായി അതിലേക്ക് മുന്നേറുന്നു, സന്തോഷത്തോടേയും ഉത്സാഹത്തോടേയും പുതിയ വഴികൾ തേടി, പ്രതീക്ഷിക്കാത്തത് പൊന്തി വരുമ്പോൾ അത് തരണം ചെയ്യുന്നു. എന്‍റെ അധീനതയിലുള്ള ഒന്നിന്‍റെ നിയന്ത്രണം ഞാൻ പൂര്‍ണമായും ഏറ്റെടുക്കുന്നു - എന്‍റെ മാനസികനിലയും മനോവികാരങ്ങളും.