top of page
  • Writer's pictureSabna Farsana

മാറ്റം തുടങ്ങാം

സ്ഥിരമായ രീതികളില്‍ നിന്നും മാറി പുതിയ വഴികളിലേക്ക് ചുവടു വെക്കുന്നത് നമ്മൾ പലരെയും ഉത്കണ്ഠയിലാഴ്ത്താറുണ്ട്. 'എനിക്ക് ഈ മാറ്റം ആവശ്യമാണ്‌' എന്ന് മനസ്സിൽ പറയുമെങ്കിലും പലപ്പോഴും അതിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തികൾക്ക് ഒപ്പം എത്താൻ കഴിയാറില്ല.ആ മാറ്റത്തിലേക്കുള്ള നമ്മുടെ വഴിയിലെ ചില തടസ്സങ്ങളിലേക്ക് നോക്കാം.


1.വേദന

മാറ്റത്തിന്‍റെ കൂടെ എപ്പോഴും ഒരു വേദന ഉണ്ടാകും. എന്തെങ്കിലും ഉപേക്ഷിക്കേണ്ടി വരുന്ന വേദന, അല്ലെങ്കിൽ കൂടുതൽ ശ്രമം ആവശ്യം വരുമ്പോഴുള്ള വേദന, അതുമല്ലെങ്കിൽ സ്ഥിരമായി ചെയ്യുന്ന രീതിയില്‍ നിന്നും മാറി ചെയ്യുമ്പോഴുള്ള വേദന, അങ്ങനെ പോകുന്നു പട്ടിക. നേരത്തെ എണീക്കണമെങ്കിൽ രാവിലത്തെ സുഖംനിദ്ര ഒഴിവാക്കുന്ന വേദന. വ്യായാമത്തിന്‍റെ കൂടെ വരുന്ന ക്ഷീണവും വിയര്‍പ്പും കോച്ചിവലിക്കലുമെല്ലാമുള്ള വേദന. ഓരോ പ്രാവശ്യവും മാറ്റത്തിലേക്ക് ചുവട് വെക്കാൻ നേരം, തലയില്‍ ഈ ഒഴിവുകഴിവുകൾ പൊന്തി വരും. അവസാനം നമ്മൾ ആ സംവാദത്തിൽ തോറ്റ് അത് പിന്നീട് ചെയ്യാം എന്ന് പറഞ്ഞ്‌ നീട്ടി വെക്കും.

2. എല്ലാം ഒറ്റയടിക്ക്

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കുറെ കാര്യങ്ങൾ ഒറ്റയടിക്ക് മാറ്റിയാൽ സമയം ലഭിക്കാം എന്നും എളുപ്പമായിരിക്കും എന്നും ആദ്യ നോട്ടത്തിൽ നമുക്ക് തോന്നിയേക്കാം. ഒറ്റ ദിവസം കൊണ്ട്‌ നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിനും പുതിയൊരു സമയം നിശ്ചയിച്ച് പൂര്‍ണമായും വ്യത്യസ്തമായ ഒരു ദിനചര്യ ഏറ്റെടുക്കുന്ന പോലെ. പക്ഷേ മിക്കപ്പോഴും കുറച്ച് ദിവസങ്ങൾകകം അത് വിട്ട് വീണ്ടും നമ്മൾ പഴയ വഴികളിലേക്ക് പോകും.

3. മുന്‍കൂട്ടി കാണാത്ത തടസ്സങ്ങള്‍

പുതിയ ഒരു മാറ്റത്തിലേക്ക് ഇറങ്ങി പുറപ്പെടുന്ന പലരും കരുതാറ് തുടക്കത്തിൽ മാത്രമേ ബുദ്ധിമുട്ട്‌ ഉണ്ടാവൂ. അത് കഴിഞ്ഞാല്‍ എല്ലാം സുഗമമായി ഓടും എന്ന്. പക്ഷേ പുറപ്പെട്ട ശേഷം ആയിരിക്കും പ്രതീക്ഷിക്കാത്ത ഓരോ പ്രതിബന്ധങ്ങൾ ഉയർന്ന് വരിക. ഇതിനെ മറികടക്കാനുള്ള ഊർജ്ജം സജ്ജമാക്കി വെക്കാത്തതിനാൽ അവസാനം ആ പരിപാടി തന്നെ ഉപേക്ഷിക്കും.

4. തീ കെട്ടു പോവുക

ഒരു പാട് ഉത്സാഹത്തോടെയും ഉന്‍മേഷത്തോടെയും പ്രതീക്ഷയോടെയും നമ്മൾ തുടങ്ങും, അവയെല്ലാം അത് പോലെ കുറെ കാലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കും. ജിമ്മിൽ 6 മാസത്തെ മെമ്പർഷിപ്പ് എടുത്തത് ഓര്‍മയുണ്ടോ. പക്ഷേ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒഴിവുകഴിവുകൾ കുന്ന് കൂടും. നീട്ടി വെച്ച് നീട്ടി വെച്ച് അവസാനം അത് പൂർണ്ണമായിട്ടും മറന്നു പോകും.


നിങ്ങൾ ഇപ്പൊ വിചാരിക്കുന്നുണ്ടാകും, 'ഇതിലൂടെ എല്ലാം ഞാൻ കടന്നു പോയിട്ടുണ്ടല്ലോ, ഇനി എന്താ ഞാൻ ശരിക്കും ചെയ്യേണ്ടത്'. മാറ്റം തുടങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവിടെ പറയാം.

1. മാറ്റത്തില്‍ വിശ്വസിക്കുക

ഒരു പുസ്തകം എടുത്ത് അത് വായിക്കാനോ പഠിക്കാനോ ഇരിക്കുന്നത് ആലോചിക്കുക. അധികം ബലം വേണ്ട അല്ലേ. എന്നാൽ എന്താണ്‌ ഒരു പുസ്തകം വായിച്ച് തീര്‍ക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കാറ്? നമ്മുടെ ചിന്തകൾ. ചിന്തകൾ മാറാൻ ആദ്യം വിശ്വസിച്ച് തുടങ്ങുക, നിങ്ങൾക്ക് മാറാൻ കഴിയുമെന്നും, നിങ്ങൾ മാറുമെന്നും നിങ്ങളുടെ ശരീരത്തിലെ എല്ലാ കോശം കൊണ്ടും പൂർണ്ണമായിട്ടും വിശ്വസിക്കുക. ഇത് മാറ്റത്തിനായുള്ള പ്രവര്‍ത്തികൾ ചെയ്യാൻ കൂടുതൽ എളുപ്പമാക്കും.

2. കാരണങ്ങൾ = പ്രചോദനം

നിങ്ങളോട് തന്നെ ചോദിക്കുക, 'ഈ മാറ്റം എനിക്ക് ആവശ്യമായതിന്‍റെ ശരിക്കുമുള്ള കാരണം എന്താണ്‌?', 'ഞാൻ ഈ മാറ്റത്തിലൂടെ എന്ത് ഉപേക്ഷിക്കാനും എന്ത് നേടാനുമാണ് ഉദേശിക്കുന്നത്?'. നിങ്ങളുടെ കാരണങ്ങളും ആവശ്യവുമാണ് നിങ്ങളുടെ ഏറ്റവും മികച്ച പ്രചോദനം. അതിനാൽ ഏറ്റവും ശക്തമായതും ബോധ്യപ്പെടുത്തുന്നതും കണ്ടെത്തുക.

3. ഒരുങ്ങുക

കാലാവസ്ഥ മാറാൻ പോകുമ്പോൾ നമ്മൾ ഒരുങ്ങാറില്ലേ, ചിലപ്പോ ആ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങൾ നമ്മുടെ ശെൽഫിൽ മുന്നിലേക്ക് എത്തും. നമ്മുടെ ശരീരവും, മാറുന്ന താപനിലക്ക് ഇണങ്ങാനും പുറത്തെ വെയിലിന് അനുസരിച്ച് സമയത്തെ കുറിച്ചുള്ള ബോധം ക്രമീകരിക്കാനും കുറച്ച് ദിവസങ്ങൾ എടുക്കും. നമ്മുടെ ഭക്ഷണ കൊതികളും മാറി തുടങ്ങും. അതു പോലെ, ജീവിതത്തിൽ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഏത് മാറ്റവും ജീവിതത്തിന്‍റെ ഒരു ഭാഗമായി ട്രാക്കിലേക്ക് കയറുന്ന മുമ്പ് വരുന്ന പരിവര്‍ത്തന കാലത്തിന് ഒരുങ്ങാം. നമ്മുടെ അവബോധം മാറ്റവുമായി പൊരുത്തപ്പെടുവാനും സമയം എടുക്കും. ജീവിതത്തിന്റെ മറ്റ് മേഖലകളിലെ അത് സ്വാധീനിക്കുകയും ചെയ്യും.

4. കാണുക

എന്ത്, എങ്ങനെ, എപ്പോൾ, ആരുടെ കൂടെ നമ്മൾ ഈ മാറ്റം സൃഷ്ടിക്കാന്‍ നമ്മൾ ആഗ്രഹിക്കുന്നു എന്ന് മനസ്സിൽ കാണുക. നമ്മൾ എന്ത് പറയും, എന്ത് കേള്‍ക്കും, എന്ത് അനുഭവിക്കും, എന്ത് മണക്കും, എന്ത് രുചിക്കും എന്ന് കൂടി ഉള്‍പ്പെടുത്തിയാൽ കൂടുതൽ രസകരമാകും. ഭാവനാചിത്രണം കൃത്യമായി എങ്ങനെയാണ് നമ്മൾ മാറ്റം നടപ്പിലാക്കുക എന്ന് മനസ്സിന്‌ കാണിച്ച് കൊടുക്കുന്നതിനാൽ, മാറ്റം നടപ്പിലാക്കാൻ കൂടുതൽ എളുപ്പമായിരിക്കും.

ഇതിലൂടെ വായിച്ചു പോരുമ്പോൾ നിങ്ങൾ കൂടുതൽ പ്രചോദനം ഉള്‍ക്കൊണ്ട് മാറ്റത്തിലേക്ക് ചുവടു വെക്കും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടതിലേക്ക് മാറ്റാൻ സഹായിക്കുന്ന ലേഖനങ്ങൾക്ക് കാത്തിരിക്കുക.


16 views0 comments
bottom of page