Sabna Farsana
സമയം - നമ്മുടെ ശത്രുവാണോ?
പലരും സമയത്തെ ഒരു ശത്രുവിനെ പോലെയാണ് കാണാറ്. സമയത്തിന്‍റെ ഒപ്പം മത്സരിച്ച് ജയിക്കാനുള്ള വെപ്രാളം, സമയത്തിന് ചെയ്ത് തീരില്ലേ എന്ന പേടി, അതിന് കഴിയാത്തപ്പോഴുള്ള ദേഷ്യം, ഇതെല്ലാം അതിന് കാരണമായിട്ടുണ്ട്. പക്ഷേ സമയത്തെ കൂട്ട് പിടിച്ചില്ലെങ്കിൽ നമ്മൾ ജീവിതത്തിൽ വിജയിക്കില്ല എന്നും നമുക്ക് അറിയാം.

എങ്കിൽ സമയത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
അതിന് ആദ്യം നമുക്ക് നമ്മളെ കുറിച്ച് മനസ്സിലാക്കാം. സമയത്തിന് ഉള്ളില്‍ ജീവിക്കുന്നവര്‍ ഉണ്ട്, സമയത്തിന് പുറത്ത് ജീവിക്കുന്നവരുമുണ്ട്. (ഈ രണ്ട് കൂട്ടർക്കും പരസ്പരം ഒത്തു പോവാന്‍ കുറച്ച് പ്രയാസമാണ്, എങ്കിൽ തമ്മില്‍ മനസ്സിലാക്കിയാല്‍ നല്ല സഹകരണവുമാണ്)
സമയത്തിന് ഉള്ളില്‍ ജീവിക്കുന്നവർ അവരുടെ ഓരോ ദിവസവും, ഓരോ മിനിറ്റും എങ്ങനെ ചിലവഴിക്കണം എന്നും ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നും ആസൂത്രണം ചെയ്ത് വെച്ചിട്ടുണ്ടാകും. ഇവർ സമയനിഷ്ഠ പാലിക്കുന്നവരും വിവേകമായി ചിന്തിക്കുന്നവരുമാണ്. കാര്യങ്ങൾ സമയത്തിനുള്ളില്‍ ഇവർ ചെയ്ത് തീർക്കും. ഇവർ ഭാവിയിലേക്കും ഭൂതത്തിലേക്കും ഇടക്ക് ഇടക്ക് എത്തി നോക്കും. കാര്യങ്ങൾ കണക്കുകൂട്ടിയത് പോലെ നടന്നില്ലെങ്കിലോ അപ്രതീക്ഷിതമായത് എന്തെങ്കിലും ഉയർന്നു വരികയോ ചെയ്താൽ ഇവർ പകച്ചു പോകും. ഓരോ നിമിഷവും കാര്യക്ഷമമായി ചിലവഴിക്കാൻ ശ്രമിക്കുന്ന ഇടക്ക് ഇവർ ജീവിതം ആസ്വദിക്കാന്‍ മറന്നു പോകാറുണ്ട്. ഇവരില്‍ മിക്കവരും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാകും. നിങ്ങൾ ഇതിൽ പെട്ടതാണെങ്കിൽ, ദിവസത്തില്‍ ഒരു മണിക്കൂറും ആഴ്‌ചയില്‍ ഒരു ദിവസവും ഒന്നും മുന്‍കൂട്ടി നിശ്ചയിക്കാതെ മാറ്റി വെക്കുക. എന്നിട്ട് ആ സമയത്ത് നിങ്ങള്‍ക്ക് എന്താണോ ചെയ്യാൻ തോന്നുന്നത് അത് ചെയ്യുക. ഒന്ന് നടക്കാൻ ഇറങ്ങാം, ജീവിതപങ്കാളിയോട് സംസാരിച്ച് ഇരിക്കാം, കുട്ടികളുടെ കൂടെ കളിക്കാം, കൂട്ടുകാർക്ക് വിളിക്കാം, അയല്‍വാസികളെ സന്ദര്‍ശിക്കാം, ഇനി ഒന്നുമില്ലെങ്കിൽ ചുറ്റുവട്ടത്തിലെ സൗന്ദര്യം ആസ്വദിച്ച് കൃതജ്ഞതയുള്ള മനസ്സോടെ വെറുതെ ഇരിക്കാം. ഇങ്ങനെ സമയം ചിലവഴിക്കുമ്പോള്‍ കുറ്റബോധം തോന്നുകയാണെങ്കിൽ, കുപ്പിയിൽ നിന്ന് വന്ന ഭൂതത്തെ പോലെ ഒന്നിന് പിറകെ ഒന്നായി ജോലി ചെയുന്ന ഇടക്ക് ഒരു ഇടവേള എടുത്ത് ജീവിതം ആസ്വദിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ ജീവിക്കുന്നേ എന്ന് സ്വന്തത്തോട് ചോദിക്കുക.
ഇനി രണ്ടാമത്തെ കൂട്ടര്‍- സമയത്തിന് പുറത്ത് ജീവിക്കുന്നവർ. ഇവര്‍ക്ക് സമയവുമായി ഒരു ബന്ധവുമില്ല. ഭൂതം, ഭാവി - ഇതിനെ കുറിച്ച് ചിന്തയുമില്ല. ഇന്നത്തെ കാര്യം മാത്രം നോക്കുക. ഇന്ന് കിട്ടിയ ദിവസം ആസ്വദിച്ച് ജീവിക്കുക. ഇവർ ഹൃദയത്തെ പിന്തുടരുന്നവരാണ്. പ്രത്യേകിച്ച് ഒരു പ്ലാനുമില്ലാതെ ജീവിതത്തിന്‍റെ ഒഴുക്കിലൂടെ പോകുന്നവർ. മുന്‍കൂട്ടി കാര്യങ്ങൾ നിശ്ചയിച്ചാലും അത് നിറവേറ്റാൻ പ്രയാസപ്പെടുന്നവർ. മിക്കതും അവസാനത്തേക്ക് നീട്ടി വെച്ച് അതിൽ ചിലത് പൂര്‍ത്തിയാക്കാനും കഴിയാറില്ല. ഭൂത കാലത്ത് ഇങ്ങനെ നീട്ടി വെച്ച് പിന്നീട് ഉണ്ടായ പ്രത്യാഘാതങ്ങള്‍ ഇവർ മറന്നിട്ടുണ്ടാവും. ഭാവിയില്‍ ഇങ്ങനെ പോയാൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കുകയുമില്ല. നിങ്ങൾ ഇതിൽ പെട്ടതാണെങ്കിൽ, ഒരു ശല്യവുമില്ലാതെ ഒഴിഞ്ഞ് ഇരിക്കാൻ കഴിയുന്ന ദിവസത്തിലെ ഒരു മണിക്കൂര്‍ കണ്ടെത്തുക. എന്നിട്ട് മുന്‍ഗണന അനുസരിച്ച് ചെയ്ത് തീര്‍ക്കേണ്ട ഒരു കാര്യം തിരഞ്ഞെടുത്ത് 50 മിനിറ്റ് അതിൽ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിന് ശേഷം 10 മിനിറ്റ് ഒരു പാരിതോഷികം എന്ന നിലക്ക് ഇടവേള എടുക്കുക. ഇത് സ്ഥിരമായി ചെയ്യാൻ കഴിഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ രണ്ടും പിന്നീട് മൂന്നും അതിന് ശേഷം നാലും മണിക്കൂര്‍ ആയി കൂട്ടാം. 4 മണിക്കൂറും ഒന്നിച്ച് ആവണം എന്നില്ല. അങ്ങനെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് തീര്‍ക്കാം.
ചില കാര്യങ്ങൾ മുന്‍കൂട്ടി നിശ്ചയിച്ച് സമയം ഫലപ്രദമായി ഉപയോഗിക്കുകയും വേണം, എന്നാൽ ചില സമയങ്ങൾ ജീവിതം ആസ്വദിക്കാനും കഴിയണം. ഇതിന് രണ്ടിനുമിടയില്‍ ഒരു ഇടം നമ്മൾ കണ്ടെത്തണം. അങ്ങനെ സമയത്തെ കൂട്ട് പിടിച്ച് നമുക്ക് മുന്നേറാം.